Tuesday, September 17, 2019

KOCHI METRO

കൊച്ചി  മെട്രോ രണ്ടാം ഘട്ടം പൂർത്തിയാക്കി രണ്ടാഴ്ച പിന്നിടുമ്പോൾ ഒരു പുതിയ യാത്രാനുഭൂതിയുടെ ത്രില്ലിൽ തന്നെയാണ് മിക്കവരും . എന്താണ് അഭിപ്രായം എന്ന് ചോദിച്ചാൽ  -- " കൂൾ " എന്നു  ഒറ്റവാക്കിൽ പറഞ്ഞാൽ ഒത്തിരി കാര്യങ്ങൾ  ആ ഒറ്റയുത്തരത്തിൽ ഉണ്ട്

 അനുസരണയുള്ള കുട്ടികളെ പോലെ എല്ലാവരും സുരക്ഷാ ഉദ്യോഗസ്ഥരുടെ പരിശോധനയിൽ സഹകരിക്കുന്നു ,  ആദ്യ യാത്രയുടെ ഒരു പേടി മനസിലുണ്ടെങ്കിലും  ധൈര്യം വിടാതെ മുമ്പോട്ടു -  എൻട്രി ഗെയ്റ്റിൽ കാർഡ്  സ്വയ്പ്പ്  ചെയ്യണം മിക്കവരും കന്നിയാത്രക്കാരായതിനാൽ  ജാള്യതയുടെ ആവശ്യം ഇല്ല  കൂടാതെ സഹായത്തിനായി മെട്രോ ജീവനക്കാരായ ചേച്ചിമാർ.  ഗെയിറ്റ് തുറന്നു കിട്ടി ഇനി മുമ്പോട്ടു ലിഫ്റ്റ് , എസ്കവേറ്റർ സൗകര്യങ്ങൾ  കൂടാതെ സ്റ്റെപ് കയറിയും പോകാം. വ്യക്തമായ ദിശാ ബോർഡുകൾ എല്ലായിടത്തും നമ്മെ വഴികാട്ടും.  മിനുക്കു പണികൾ അവശേഷിക്കുന്നതുകൊണ്ടു  ഇപ്പോൾ  കാണുന്ന പൊടികൾ അവഗണിക്കാം. പുതിയ ലൈനിൽ കൂടി പതിയെയാണെങ്കിലും മഹാരാജാസ് കഴിഞ്ഞാൽ  മെട്രോ ഫാസ്റ്റായി.


പ്ലാറ്റ്‌  ഫോമിലെ  മഞ്ഞ   ലഷ്മണ രേഖക്കപ്പുറം  കാലു  കുത്താൻ യാത്രക്കാർ നോക്കേണ്ട 750  വോൾട് ഡി സി പ്രവഹിക്കുന്ന  അപകടം മുമ്പിലുണ്ട്  എന്ന സൂചന   വിസിലടിയായി ഒഴുകിയെത്തും സുരക്ഷ  തന്നെയാണ് മെട്രോയുടെ മുഖമുദ്ര. വണ്ടി വന്ന് നിന്നാൽ  വാതായനങ്ങൾ തുറക്കാൻ ഇത്തിരി സമയം എടുക്കും അതുപോലെ അടയാനും. വാതിൽ തുറന്നാൽ നേരെ കാലെടുത്തു വച്ചാൽ മതി മെട്രോയിലേക്കു കയറാൻ . നിർത്തും മുമ്പ് ഡോർ തുറന്ന് ചാടിയിറങ്ങിയും എല്ലാ യാത്രക്കാരും കയറും മുമ്പ് കൂട്ടമണിയടിച്ചു  ബസിനൊപ്പം ഓടി ചാടി കയറുന്ന ബസിലെ കിളിയെ പ്രണയിച്ച പഴയ കുമാരികൾക്കൊക്കെ  ഇന്ന്  മുട്ടുവേദന അലട്ടുന്നുണ്ടെങ്കിൽ തീർച്ചയായും ഇന്നവർ മെട്രോയെ പ്രണയിക്കും. കാലുകുത്താൻ ഇടമില്ലങ്കിലും മുമ്പോട്ടു നീങ്ങി നിൽക്കൂ എന്ന്‌  ഇണങ്ങിയും പിണങ്ങിയും നിർബന്ധിക്കുന്ന  കണ്ടക്ടർമാർ മുട്ടിയും ഉരുമ്മിയും ചാരിയും ചാരാതെയും എത്ര കഷ്ടപ്പെട്ടാണ് ടിക്കറ്റ് നൽകി കാശു വാങ്ങുന്നത്  എന്നാൽ  ആക്സിസ് ബാങ്ക് നൽകുന്ന സ്മാർട്ട് കാർഡുപയോഗിച്ചോ , ക്യൂവിൽ നിന്നോ  മെട്രോയുടെ ടിക്കറ്റുകൾ സ്വന്തമാക്കാം. സ്ഥിരമായി യാത്ര ചെയ്യുന്നവർക്ക് നിരക്കിത്തിരി കൂടുതൽ എന്ന് തോന്നിയാലും ട്രാഫിക്കിലും സിഗ്നലിലും കുരുങ്ങി വിയർക്കാതെ കൂളായി യാത്ര ചെയ്യാൻ ഇത്തിരി പൈസ കൂടുതൽ കൊടുക്കാം 

വട്ടത്തിൽ നിന്ന് വർത്തമാനം പറഞ്ഞും ഒന്നിച്ചു നിന്ന് സെൽഫിയെടുത്തും കമ്പിയിൽ ചാരി വാട്ട്സ്ആപ്പ്  നോക്കിയും കാഴ്ചകൾ കണ്ടും പ്രണയിച്ചും കൊച്ചി കൂളായി തന്നെ  മുമ്പോട്ടു പോകട്ടെ അല്ലെങ്കിൽ തന്നെ തലയ്ക്കു മുകളിൽകൂടി പറക്കുന്ന മെട്രോയെ ബസുമായി  കമ്പയർ ചെയ്തു അണ്ടർ എസ്റ്റിമേറ്റ് ചെയ്യരുതല്ലോ . മെട്രോ പിടിച്ചു വിമാനത്തിൽ പറക്കുന്ന കാലം വിദൂരമല്ല 

ശുഭയാത്ര  - ജൂബി