Monday, April 13, 2020

കോവിഡ് 19 - 20 : 20

കൃഷിയുടെ കാര്യത്തിൽ  അയൽ നാടുകളിൽ മീനടത്തിനു ഒരു പെരുമയുണ്ട്. അതു നമുക്ക് പൂർവികാരായി നേടിത്തന്ന സൽപ്പേരാണ്. ഇപ്പോളും പുറംനാട്ടുകാർ മീനടത്തേ പറ്റി  അങ്ങനെ വിചാരിക്കുന്നു എന്നതാണ് സത്യം,  ഒരുദാഹരണം പറഞ്ഞാൽ ഈ കൊറോണ കാലത്തു എല്ലാവരും പൂട്ടി വീട്ടിലിരിക്കുന്ന കാലത്തു അനുവദിക്കപ്പെട്ട സമയത്തു തുറന്നു വച്ചിരിക്കുന്ന പച്ച കറി  കടയുടെ മുന്നിൽ ഒരു കാർ വന്നു നിന്നു , അതിൽ നിന്നിറങ്ങിയ മാന്യനായ മനുഷ്യൻ , കടയിൽ മറ്റു ആളുകൾ സാധനങ്ങൾ വാങ്ങുന്നത്  കണ്ട്  സാമൂഹിക അകലം പാലിച്ചു  പുറത്തു കാത്തു നിൽക്കുന്ന സമയം  പറഞ്ഞത് മീനടത്താകുമ്പോൾ ഇവിടെ വിളയുന്ന പച്ച കറികൾ ഒക്കെ ഉണ്ടാകുമല്ലോ എന്നാണു ! എന്നാൽ സത്യം അതാണോ ?

എന്നും പശുവിനെ കറന്നു പാൽ  കുടിച്ചിരുന്നവർ ഇടക്കാലം കൊണ്ട് റബ്ബർ വെട്ടി  ദിവസവും പാൽ എടുത്തു തുടങ്ങി , പത്രത്തിൽ കാണുന്ന വിലക്കോ അല്ലെങ്കിൽ 50 പൈസ കുറച്ചോ റബ്ബർ വാങ്ങാൻ ചുറ്റു വട്ടങ്ങളിൽ കടകളും വന്നു. സൗഭാഗ്യങ്ങൾ വന്നു ചേർന്നപ്പോൾ തൊഴുത്ത് പൂട്ടി മിൽമയുടെ പാൽ കുടിച്ചു തുടങ്ങി. പശു പരിപാലനം ഗതി കെട്ടവരുടെ ചുമലിലായി. പശുക്കൾ തൊഴുത്തൊഴിഞ്ഞപ്പോൾ തൊടിയിലുണ്ടായിരുന്ന കപ്ലവും , ചീരയും , നിത്യ വഴുതനയും ഒക്കെ നാമാവശേഷമായി  പകരം നമ്മൾ തമിഴരുടെ കാബേജും ബീൻസും ശീലമാക്കി. ചെറുപ്പക്കാരൊക്കെ ജോലി തേടി നഗരങ്ങളിലും ഗൾഫ് നാടുകൾ മുതൽ അമേരിക്കയിൽ വരെ കുടിയേറി


സൗഭാഗ്യങ്ങൾ നീണ്ടു നിന്നില്ല , റബ്ബറിന് വിലയിടിഞ്ഞു , പുതു തലമുറയിൽ പെട്ടവർക്കൊന്നും ടാപ്പിംഗ് ജോലി അഭികാമ്യമായി തോന്നിയില്ല. റബ്ബർ വെട്ടിയവരിൽ കുറച്ചു  പേർ   പറമ്പിൽ കൈതയോ കപ്പയോ വാഴയോ വച്ചു. കൃഷി ലാഭകരമല്ലാത്തതിനാൽ വില കൂടുന്നതും കാത്തു കുറച്ചു പേർ തോട്ടങ്ങൾ വെറുതെയിട്ടു. അവിടേയും ഗതി കെട്ടവർ  കിട്ടിയ വെട്ടുകാർക്കു നേർ പകുതി വ്യവസ്ഥയിൽ നൽകി. ഇപ്പോൾ ഇതാ കൊറോണ വന്നിരിക്കുന്നു നമ്മൾ എല്ലാവരും ലോക്ക് ഡൗണിൽ ആണ്, ആർക്കും വീടിനു പുറത്തു ഇറങ്ങാൻ പറ്റുന്നില്ല. പുറത്തു നിന്നുള്ള ആഹാര സാധനങ്ങൾ ഒരു പക്ഷെ കൃത്യമായി എത്തിക്കൊള്ളണമെന്നില്ല. കയ്യിൽ കാശുള്ളവർ പോലും പട്ടിണിയാകുന്ന അവസ്ഥ.


മരണം വിതക്കുന്ന കൊറോണയുടെ ഭീതിയെ അതിജീവിക്കാൻ മരണത്തെ തോൽപ്പിച്ച് ഉത്ഥിതനായ ക്രിസ്തുവിന്റെ ഉയിർപ്പു പെരുനാൾ നമ്മെ പ്രാപ്തരാക്കട്ടെ. എല്ലാ ഐശ്വര്യങ്ങളൂം സമ്പൽസമൃദ്ധിയും ഉണ്ടാകുവാൻ സർവേശ്വരനോട് പ്രാർത്ഥിച്ചു ഒരു പുതു വർഷത്തിലേക്കു കാലെടുത്തു വയ്ക്കുന്ന വിഷു ഇതാ പടി വാതിൽക്കൽ എത്തി നിൽക്കുന്നു

ഐശ്വര്യ പൂർണമായ ഒരു  ഭാവി മുന്നിൽ കണ്ടു  നാം വിഷു ആഘോഷിക്കുമ്പോൾ തീർച്ചയായും നമ്മൾ മണ്ണിലേക്കിറങ്ങാൻ തയാറാകണം എങ്കിലേ ഇനി വരുന്ന ഓണവും അടുത്ത വിഷുവും എല്ലാം നമുക്ക് സന്തോഷം നിറഞ്ഞതാകുകയുള്ളൂ. മണ്ണിൽ പണിയെടുക്കുന്ന കർഷകനെ മാനിക്കാൻ അവൻ്റെ  ഉല്പന്നങ്ങൾക്ക് മാന്യമായ വില ലഭിക്കാൻ ഭരണകൂടങ്ങൾ തയാറാക്കണം അതിനു ഇടനിലക്കാരെ ഒഴിവാക്കി കർഷകരുടെ കടകൾ വരണം

എല്ലാവര്ക്കും പ്രതീക്ഷയുടെ ഉയിർപ്പു പെരുന്നാളിന്റെയും   നന്മ നിറഞ്ഞ വിഷുവിൻറെയും  ആശംസകൾ നേരുന്നു. കൊറോണയെ നമുക്ക് ഒരുമിച്ചു  നേരിടാം ഒപ്പം ഭാവിയിലേക്കാവശ്യമായ കാർഷിക വിളകൾ നടാം നാടു പട്ടിണി അറിയാതിരിക്കട്ടെ